ഇത് നിർമ്മിതബുദ്ധിയുടെ കാലമാണ് എന്ന് നാം ഇപ്പോഴും കേൾക്കാറുണ്ട്. എന്താണ് ഈ നിർമ്മിതബുദ്ധി? ഇത്തരം സാങ്കേതികവിദ്യകളുടെ നിർമ്മാണത്തിലും വിന്യാസത്തിലും എന്ത് തരം മൂല്യങ്ങളും രാഷ്ട്രീയവും ആണ് പ്രവർത്തിക്കുന്നത്? എങ്ങനെയാണ് അവ നമ്മുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തെ സ്വാധീനിക്കുന്നത്? ഇത്തരം ചോദ്യങ്ങൾ നിശ്ചയമായും നമ്മുടെ പൊതുമണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതിനു ഏറ്റവും തടസ്സം നിൽക്കുന്നതായി തോന്നിയിട്ടുള്ളത് ഇത്തരം സാങ്കേതികവിദ്യകൾ വളരെ സങ്കീർണ്ണമാണ് എന്ന ഒരു പൊതുബോധമാണ്. സാങ്കേതികമായി സങ്കീർണ്ണങ്ങളാകുമ്പോൾ തന്നെ അവയുടെ ഉപരിഘടന മനസിലാക്കുക എന്നത് ഒട്ടും ബുദ്ധിമുട്ടുള്ളതല്ല എന്ന് നിർമ്മിതബുദ്ധിയുടെ ലോകത്ത് പ്രവർത്തിച്ച ഒരാൾക്ക് തീർച്ചയായും പറയാൻ കഴിയും. സാങ്കേതികവിദ്യകളെക്കുറിച്ചു ഒരു മുൻധാരണയും ഇല്ലാത്ത ഒരാളെ ആദ്യത്തെ തലത്തിൽ നിർമ്മിതബുദ്ധിയെ മനസ്സിലാക്കാൻ പ്രാപ്തമാക്കുക എന്നത് ഈ പുസ്തകത്തിന്റെ ഒരു ലക്ഷ്യമാണ്. അതിലും വിശാലമായ ലക്‌ഷ്യം എന്നത് അത്തരം മനസ്സിലാക്കലിന്റെ ചിറകിലേറി ഇന്നത്തെ നിർമ്മിതബുദ്ധി നമ്മുടെ നിത്യജീവിതത്തിൽ (പലപ്പോഴും അദൃശ്യമായി) ചെലുത്തുന്ന സ്വാധീനം കേരളത്തിലെ ദൈനംദിന ജീവിതപരിസരത്തിലെ ഉദാഹരണങ്ങൾ ഉപയോഗിച്ച് വരച്ചു കാട്ടുക എന്നതും കൂടിയാണ്. വെബ് സെർച്ച് എന്ന ലളിത സാങ്കേതികവിദ്യയിൽ നിന്ന് തുടങ്ങി ചാറ്റ് ജി പി ടി മുതലായ സങ്കീർണ്ണ സാങ്കേതികവിദ്യകൾ വരെയുള്ള ഒരു കഥാരൂപത്തിലുള്ള ഒരു സഞ്ചാരമാണ് ഈ പുസ്തകത്തിൽ ഉള്ളത്. നിർമ്മിതബുദ്ധിയുടെ നല്ല വശങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി അവയുടെ ദോഷഫലങ്ങൾ പരമാവധി ലഘൂകരിച്ചു എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ട് പോകാം എന്നതിലേക്കുള്ള ചില ചിന്തകളും അതാത് അദ്ധ്യായങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
DC Books, 2023
Buy from Publisher
Buy from Amazon
തനിമ പുരസ്‌കാരം 2023
കേരള ശാസ്ത്രസാഹിത്യ പുരസ്‌കാരം 2024
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2024
നിർമ്മിതബുദ്ധികാലത്തെ സാമൂഹിക-രാഷ്ട്രീയ ജീവിതം

നമ്മളൊക്കെ വിവരാവകാശയുഗത്തിലാണ് ജീവിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം, നമ്മളിൽ മിക്കവരും ഇന്റർനെറ്റും ഗൂഗിളും ഉപയോഗിക്കുന്നുണ്ട്, എങ്കിലും ഇതിന്റെയൊക്കെ ശാസ്ത്രമോ സാങ്കേതികവിദ്യയോ എന്തിന് അത് എങ്ങനെയൊക്കെയാണ് നമ്മളെ സ്വാധീനിക്കുന്നത് എന്ന് പോലുമോ നമ്മളിൽ മിക്കവർക്കും അറിയില്ല. അതെല്ലാം എന്തിന് അറിയണം, നമുക്ക് അത് ഉപയോഗിച്ചാൽ പോരേ എന്നായിരിക്കും നമ്മുടെ പ്രതികരണം. എന്നാൽ അത് അത്ര സിമ്പിളല്ല. നിർദോഷവുമല്ല. അത് നാം ചിന്തിക്കുന്ന രീതിയെയും തീരുമാനങ്ങൾ എടുക്കുന്ന രീതിയെയും തീരുമാനങ്ങളെ തന്നെയും ഒരുപാടു സ്വാധീനിക്കുന്നുണ്ട്. എന്നുവെച്ചു അവ ഉപയോഗിക്കാതിരിക്കാൻ പറ്റുമോ? ഇല്ല. പക്ഷെ ആ സ്വാധീനം ആവുന്നത്ര കുറയ്ക്കാൻ നമുക്ക് ശ്രമിക്കാം. അതെങ്ങനെ? അതിന് ആദ്യമായി ഇവ എങ്ങനെ പ്രവർത്തിക്കുന്നു എന്നും അവ നമ്മളെ എങ്ങനെ സ്വാധീനിക്കുന്നു എന്നും നാം തിരിച്ചറിയണം. ഡോ. ദീപകിന്റെ ഈ പുസ്തകം അത്ഭുതകരമായ വിധത്തിൽ ലളിതമായി അത് നമുക്ക് പറഞ്ഞുതരുന്നു. ഇലക്ട്രോണിക്സിലോ കമ്പ്യൂട്ടർ സയൻസിലോ യാതൊരു അറിവും പരിചയവും ഇല്ലാത്തവർക്ക് പോലും എളുപ്പം മനസ്സിലാവുന്ന വിധത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. പല കാര്യങ്ങൾക്കും ധാരാളം ഉദാഹരണങ്ങൾ കൊടുത്തിട്ടുണ്ട്. അവയിൽ പലതും നമ്മുടെ നാട്ടിൽ നാം ദിവസവും കാണുന്ന കാര്യങ്ങൾ. ഏതു വിധത്തിൽ നോക്കിയാലും വിലപിടിച്ച ഒരു പുസ്തകമാണ് ഇത്. ഇത്തരമൊരു പുസ്തകം എത്രയോ നേരത്തേ വരേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും നമുക്ക് കിട്ടിയല്ലോ. ഭാഗ്യം!





